Thursday, August 28, 2008

മലയാളി പെണ്ണിനിനി ഉര്‍സുലക്കുപ്പായം

ഹമ്പേ.. പെണ്ണായാല്‍ ആരെയൊക്കെ പേടിക്കണം. ഇപ്പഴിതാ മകള്‍ അച്ഛനെക്കൂടി പേടിക്കണമത്രെ. ഒരു മകള്‍ക്ക് സ്വന്തം അച്ഛനെ പോലും വിശ്വസിക്കാനാകില്ലെന്നു വന്നാല്‍...പെണ്‍കുട്ടികളുടെ ചോദ്യവും അതുതന്നെയാണ്. പെണ്‍മകളെ സംരക്ഷിക്കേണ്ടയാള്‍ തന്നെ.. ഛെ....

മലയാളിയുടെ ലൈംഗിക ഭ്രാന്ത് പഴുത്തു വൃണമായതിന്റെ നാറ്റമാണ് വരുന്നത്. നമുക്ക് പെര്‍ഫ്യൂം പൂശി ഈ നാറ്റമകറ്റാമെന്നാകും. അല്ല നമ്മള്‍ കേരളീയര്‍ക്ക് പെര്‍ഫ്യൂമുകള്‍ ഒരുപാടുണ്ടല്ലോ...
ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന നാട്.. ഇന്‍ക്വിലാബ് സിന്ദാബാദ്...

ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം.. അഭിമാനംകൊണ്ടെനിക്കെന്റെ രോമം പൊങ്ങുന്നേ....
പട്ടിണിയില്ല, മരണനിരക്ക് കുറവ്, പൂര്‍ണസാക്ഷരത ഹരിശ്രീ ഗണപതായേ നമഹ
ഈ കണക്കുകളുടെ ഗന്ധം പൂശിയാല്‍ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുന്ന നാടെന്ന നാറ്റം മാറുമോ സര്‍ക്കാരേ... അല്ലെങ്കില്‍ പിന്നെ സര്‍ക്കാരെന്തു ചെയ്യാന്‍...
കലികാലം.. അല്ലാതെന്തു പറയാന്‍...

ഒരിടത്ത് മകളെ മാനഭംഗപ്പെടുത്താന്‍ അച്ഛന്‍ കൂട്ടുനില്‍ക്കുന്നു. മറ്റൊരിടത്ത് അച്ഛനും കൊച്ചച്ഛച്ചനും പീഡകരാകുന്നു. വേറൊരിടത്താകട്ടെ മകളെ അഞ്ചു തവണ മാനഭംഗപ്പെടുത്തി പിതാവ് കഴുത്തു ഞെരിച്ച് കൊല്ലുന്നു.

കേരളം എന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം എന്നന്തരംഗം അല്ലേ കവീ...
മാര്‍ക്വേസ് എന്നു കേട്ടിട്ടുണ്ടാകും... കൊളംബിയന്‍ നോവലിസ്്റ്റ് സാക്ഷാല്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. കക്ഷിയുടെ ഒരു നോവലുണ്ട് വണ്‍ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍). ഇതിലെ മുഖ്യകഥാപാത്രം ഉര്‍സുലയ്ക്ക് പുരുഷബന്ധം ഏല്‍ക്കാതിരിക്കാന്‍ ഒരു ഉരുക്കു കവചമുണ്ട്. ഒരു ചാസ്റ്റിറ്റി ബല്‍റ്റ്. അവള്‍ അത് ധരിക്കുന്നു.

കേരളത്തിലെ പെണ്ണിന്റെ സുരക്ഷയ്ക്ക് ചാസ്റ്റിറ്റി ബെല്‍റ്റ് തയിച്ചു നല്‍കാന്‍ ബജറ്റില്‍ പണം വകയിരുത്തണം എന്നാവശ്യപ്പെടുന്ന കാലം വരുമോ എന്തോ?

പെണ്‍കുട്ടികളുടെ സേഫ്റ്റിക്ക് സേഫ്റ്റിപിന്‍ ധാരാളം മതിയായിരുന്ന കാലം കഴിഞ്ഞു. ഇനി ഉര്‍സുലക്കുപ്പായമാണ് രക്ഷ. ഇനി അവള്‍ നമ്പര്‍ലോക്കിട്ട് സ്വയം പൂട്ടിവയ്ക്കട്ടെ എന്നു പറയേണ്ടി വരുമോ ദൈവമേ.....

പോഡ്കാസ്റ്റ് കേള്‍ക്കാം മനോരമയില്‍..

ഒടുവില്‍ നമുക്കും കിട്ടി

ഒടുവില്‍ നമുക്കും കിട്ടി സ്വര്‍ണമെഡലൊരെണ്ണം. അഭിമാനിക്കാനിനി ഇതില്‍ പരം എന്തു വേണം. നമ്മുടെ സ്പോട്സ് മന്ത്രി എം. വിജയകുമാറെങ്ങാന്‍ ആ നേരത്ത് ബെയ്ജിങ്ങിലുണ്ടായിരുന്നെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പു പ്രചരണത്തില്‍ തന്റെ ക്ളാപ്പടി മിടുക്കുകൊണ്ടാ ബിന്ദ്ര സ്വര്‍ണം നേടിയേ എന്നു പോലും കേള്‍ക്കേണ്ടി വന്നേനേ.. കാലം... കലികാലമല്ലേ...

Podcast in manorama>>

അഭിനവ് ബിന്ദ്ര ഇന്ത്യയുടെ ത്രിവര്‍ണം സ്വര്‍ണവര്‍ണമാക്കിയതോര്‍ത്ത് അഭിമാനിക്കുമ്പോള്‍ നേടാതെ പോയ വിജയങ്ങളോര്‍ത്ത് നമ്മള്‍ എന്തു ചെയ്യും. മൈക്കല്‍ ഫെല്‍പ്സിനെ പോലെയുള്ള അമേരിക്കന്‍ താരങ്ങളെ ഓര്‍ത്താല്‍ ഇന്ത്യക്കാരനല്ല താലിബാനു പോലും വരും രോമാഞ്ചം. ഓ ഇങ്ങനെ ഒരു താരം എന്റെ രാജ്യത്തും ഉണ്ടായിരുന്നെങ്കില്‍....

പൊട്ടക്കണ്ണന്‍മാര്‍ മാവേലെറിയാന്‍ പോകുന്നതു പോലെ ഉദ്ഘാടന പരേഡില്‍ ഇന്ത്യന്‍ താരങ്ങള്‍ കറങ്ങിനടക്കുന്നതു കണ്ടപ്പം നമ്മള്‍ വിചാരിച്ചു ഇത്തവണയും എല്ലാം പഴയതു പോലെതന്നെയാകുമെന്ന്. ആ സാനിയയ്ക്കും സുനിതാ റാവുവിനുമെന്താ ഒന്നു വൃത്തിയായി വരാമായിരുന്നില്ലേ. പരിശീലനം ആയിരുന്നു പോലും. എന്നിട്ടെന്തായി.... ആദ്യ രണ്ടു റൌണ്ടില്‍ തോറ്റുകഴിഞ്ഞപ്പോള്‍ പരുക്കെന്നു പറഞ്ഞൊരു പിന്‍മാറല്‍.

നമ്മളും ചൈനാക്കാരുമെല്ലാം ആയല്‍ക്കാരല്ലേ... മല്‍സരങ്ങളില്‍ കുറച്ചു കൂടെ പങ്കാളിത്തം ആകാമായിരുന്നില്ലേ.. ഡല്‍ഹിയില്‍ ചെന്ന് ലോക ഭൂപടം തുറന്നു നോക്കിയാല്‍ വിമാനം പോലും വേണ്ട ചൈനയില്‍ പോകാന്‍. ചുമ്മാ ഒരു ബസിനു കൈ കാണിച്ചു കയറിപ്പോകുന്ന ലാഘവത്തോടെ പോയി വരാമായിരുന്നു. അങ്ങനാരുന്നെങ്കില്‍ മാര്‍ച്ചു പാസ്റ്റിലെങ്കിലും ഇന്ത്യയുടെ മാനം കാക്കാമായിരുന്നു. ഒരു പരേഡില്‍ പോലും അണി നിരക്കാന്‍ പരിശീലിക്കാതെ ഒരു പോക്ക്....

അഭിനവിന്റെ തോക്കു കേടു വരുത്തിയതും ഉത്തേജക വിവാദവും കണ്ടപ്പോള്‍ ഞണ്ടുകളുടെ കാര്യമാണ് ഓര്‍മവന്നത്. എത്ര തുറന്നു വച്ച പാത്രത്തിലിട്ടാലും ഒരുത്തനും രക്ഷപെടില്ല. രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ താഴെ കിടക്കുന്നവര്‍ കാലില്‍ പിടിച്ചു വലിക്കും. നമ്മളുടെ ഒളിംപിക്സ് കുതിച്ചു ചാട്ടത്തിനും സംഭവിച്ചത് ഈ പിടിച്ചു വയ്ക്കലുകളല്ലേ.. പുറത്തു വന്നത് ഒന്നോ രണ്ടോ.. കാണാതെ എത്ര ഇനി കിടക്കുന്നുണ്ടാവും..
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു വേദിയില്‍ ഒരടി പോലും മുന്നോട്ടു പോകാതെ തലതാഴ്ത്തി ഇന്ത്യ ഇപ്പോഴും നില്‍ക്കുകയാണ്. എന്നിട്ടും നമ്മള്‍ പറയുന്നു ലോകത്തെ ഒന്നാം കിട രാജ്യങ്ങളിലൊന്നാണ് നമ്മുടേതെന്ന്.

എന്തിനധികം പറയണം .. ഉണ്ണിയെ കണ്ടാലറിഞ്ഞൂടെ ഊരിലെ പഞ്ഞം.
വാലുള്ള വാര്‍ത്ത: അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കുമെന്നും കോച്ച് സണ്ണി തോമസിന് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും മന്ത്രി മുഖ്യന്‍ വിഎസ്. പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമ്പോള്‍ നമ്മള്‍ ഒരു പവനെങ്കിലും കൊടുത്ത് മാനം കാക്കണമല്ലോ!

കേസ് പൊക്കാന്‍ നോക്കി, കേസില്‍ക്കുരുങ്ങി

അന്വേഷത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നാട്യം ജോമോന്‍ പുത്തന്‍ പുരയ്ക്കലിനു വിനയായി. പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നും ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അഭയ കേസ് വാര്‍ത്തയാകുന്നിടത്തെല്ലാം ഉയര്‍ന്നു കേട്ട പേരാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റേത്. ദുരൂഹതകള്‍ ബാക്കിയാക്കിക്കൊണ്ടായിരുന്നു മിക്കയിടത്തും ജോമോന്റെ ഇടപെടലുകള്‍. കോടതിക്കും ഇത് ബോധ്യപ്പെട്ടതാണ് ഉത്തരവിനു പിന്നില്‍. പബ്ളിസിറ്റിക്കു വേണ്ടിയുള്ള ശ്രമമാണ് ജോമോന്റേതെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.
വാലും തലയും നഷ്ടപ്പെട്ട് പൊലീസും സിബിഐയും പലതവണ ക്ളോസ് ചെയ്യുകയും തുറക്കുകയും ചെയ്ത അഭയ കേസ് സജീവമാക്കുന്നതില്‍ ജോമോന്റെ കാര്യമായ പങ്കുണ്ട്. പക്ഷെ തുടക്കത്തില്‍ ജോമോനിലുണ്ടായിയിയിരുന്ന വിശ്വാസം പൊതു ജനങ്ങള്‍ക്കും അഭയയുടെ മാതാപിതാക്കള്‍ക്കും ഒടുവില്‍ കോടതിക്കും നഷ്ടപ്പെട്ടു. ജോമോന്റെ പിന്നില്‍ അഭയ കേസിലെ പ്രതികളാണെന്നു പോലും വിശ്വസിക്കുന്ന ജനങ്ങളുണ്ടെന്ന്് മനോരമഓണ്‍ലൈന്‍ വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

Read more in manorama »»
Read Comments in manorama »»